Job 35

1എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:

2എന്റെ നീതി ദൈവത്തിന്റേതിലും കവിയും എന്നു നീ പറയുന്നു;
ഇതു ന്യായം എന്നു നീ നിരൂപിക്കുന്നുവോ?
3അതിനാൽ നിനക്കു എന്തു പ്രയോജനം എന്നും
ഞാൻ പാപം ചെയ്യുന്നതിനെക്കാൾ
അതുകൊണ്ടു എനിക്കെന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ;
4നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും
ഞാൻ പ്രത്യുത്തരം പറയാം.
5നീ ആകാശത്തേക്കു നോക്കി കാണുക;
നിനക്കു മീതെയുള്ള മേഘങ്ങളെ ദൎശിക്ക;
6നീ പാപം ചെയ്യുന്നതിനാൽ അവനോടു എന്തു പ്രവൎത്തിക്കുന്നു?
നിന്റെ ലംഘനം പെരുകുന്നതിനാൽ നീ അവനോടു എന്തു ചെയ്യുന്നു?
7നീ നീതിമാനായിരിക്കുന്നതിനാൽ അവന്നു എന്തു കൊടുക്കുന്നു?
അല്ലെങ്കിൽ അവൻ നിന്റെ കയ്യിൽനിന്നു എന്തു പ്രാപിക്കുന്നു?
8നിന്റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും
നിന്റെ നീതി മനുഷ്യനെയും സംബന്ധിക്കുന്നു.
9പീഡയുടെ പെരുപ്പം ഹേതുവായി അവർ അയ്യംവിളിക്കുന്നു;
മഹാന്മാരുടെ ഭുജംനിമിത്തം അവർ നിലവിളിക്കുന്നു.
10എങ്കിലും രാത്രിയിൽ സ്തോത്രഗീതങ്ങളെ നല്കുന്നവനും
ഭൂമിയിലെ മൃഗങ്ങളെക്കാൾ നമ്മെ പഠിപ്പിക്കുന്നവനും
11ആകാശത്തിലെ പക്ഷികളെക്കാൾ നമ്മെ ജ്ഞാനികളാക്കുന്നവനുമായി
എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്നു ഒരുത്തനും ചോദിക്കുന്നില്ല.
12അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവർ നിലവിളിക്കുന്നു;
എങ്കിലും ആരും ഉത്തരം പറയുന്നില്ല.
13വ്യൎത്ഥമായുള്ളതു ദൈവം കേൾക്കയില്ല;
സൎവ്വശക്തൻ അതു വിചാരിക്കയുമില്ല നിശ്ചയം.
14പിന്നെ നീ അവനെ കാണുന്നില്ല എന്നു പറഞ്ഞാൽ എങ്ങനെ?
വ്യവഹാരം അവന്റെ മുമ്പിൽ ഇരിക്കയാൽ നീ അവന്നായി കാത്തിരിക്ക.
15ഇപ്പോഴോ, അവന്റെ കോപം സന്ദൎശിക്കായ്കകൊണ്ടും
അവൻ അഹങ്കാരത്തെ അധികം ഗണ്യമാക്കായ്കകൊണ്ടും
16ഇയ്യോബ് വൃഥാ തന്റെ വായ്തുറക്കുന്നു;
അറിവുകൂടാതെ വാക്കു വൎദ്ധിപ്പിക്കുന്നു.
Copyright information for Mal1910