Psalms 50

ആസാഫിന്റെ ഒരു സങ്കീൎത്തനം.

1ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു,
സൂൎയ്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.
2സൌന്ദൎയ്യത്തിന്റെ പൂൎണ്ണതയായ
സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു.
3നമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല;
അവന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു;
അവന്റെ ചുറ്റും വലിയോരു കൊടുങ്കാറ്റടിക്കുന്നു.
4തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു
അവൻ മേലിൽനിന്നു ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
5യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ
എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.
6ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാൽ
ആകാശം അവന്റെ നീതിയെ ഘോഷിക്കും.

സേലാ.
7എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും.
യിസ്രായേലേ, ഞാൻ നിന്നോടു സാക്ഷീകരിക്കും:
ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.
8നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല;
നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു.
9നിന്റെ വീട്ടിൽനിന്നു കാളയെയോ
നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല.
10കാട്ടിലെ സകലമൃഗവും
പൎവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
11മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു;
വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.
12എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല;
ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ.
13ഞാൻ കാളകളുടെ മാംസം തിന്നുമോ?
കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
14ദൈവത്തിന്നു സ്തോത്രയാഗം അൎപ്പിക്ക;
അത്യുന്നതന്നു നിന്റെ നേൎച്ചകളെ കഴിക്ക.
15കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക;
ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
16എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു:
നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും നിനക്കെന്തു കാൎയ്യം?
17നീ ശാസനയെ വെറുത്തു
എന്റെ വചനങ്ങളെ നിന്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.
18കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു;
വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.
19നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു;
നിന്റെ നാവു വഞ്ചന പിണെക്കുന്നു.
20നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു;
നിന്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു.
21ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ
ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു;
എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ കണ്ണിൻ മുമ്പിൽ അവയെ നിരത്തിവെക്കും.
22ദൈവത്തെ മറക്കുന്നവരേ, ഇതു ഓൎത്തുകൊൾവിൻ;
അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.
23സ്തോത്രമെന്ന യാഗം അൎപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു;
തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും.
Copyright information for Mal1910