Deuteronomy 19

1നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തിലെ ജാതികളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം അടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാൎക്കയും ചെയ്യുമ്പോൾ 2നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തിൽ മൂന്നു പട്ടണം വേറുതിരിക്കേണം. 3ആരെങ്കിലും കുലചെയ്തുപോയാൽ അവിടേക്കു ഓടിപ്പോകേണ്ടതിന്നു നീ ഒരു വഴി ഉണ്ടാക്കുകയും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം മൂന്നായി വിഭാഗിക്കയും വേണം; 4കുല ചെയ്തിട്ടു അവിടേക്കു ഓടിപ്പോയിജീവനോടിരിക്കേണ്ടുന്നവന്റെ സംഗതി എന്തെന്നാൽ: ഒരുത്തൻ പൂൎവ്വദ്വേഷംകൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നുപോയെങ്കിൽ, എങ്ങനെയെന്നാൽ: 5മരംവെട്ടുവാൻ ഒരുത്തൻ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരംവെട്ടുവാൻ കോടാലി ഓങ്ങുമ്പോൾ കോടാലി ഊരി തെറിച്ചു കൂട്ടുകാരന്നു കൊണ്ടിട്ടു അവൻ മരിച്ചുപോയാൽ, 6ഇങ്ങനെ കുല ചെയ്തവനെ രക്തപ്രതികാരകൻ മനസ്സിന്റെ ഉഷ്ണത്തോടെ പിന്തുടൎന്നു വഴിയുടെ ദൂരംനിമിത്തം അവനെ പിടിച്ചു അവന്റെ ജീവനെ നശിപ്പിക്കാതിരിപ്പാൻ അവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയി ജീവനോടിരിക്കേണം; അവന്നു അവനോടു പൂൎവ്വദ്വേഷമില്ലാതിരുന്നതുകൊണ്ടു മരണശിക്ഷെക്കു ഹേതുവില്ല. 7അതുകൊണ്ടു മൂന്നു പട്ടണം വേറുതിരിക്കേണമെന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു. 8നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ചു എല്ലാനാളും അവന്റെ വഴികളിൽ നടക്കയും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിക്കയും ചെയ്താൽ നിന്റെ ദൈവമായ യഹോവ 9നിന്റെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ നിന്റെ അതിർ വിശാലമാക്കി നിന്റെ പിതാക്കന്മാൎക്കു കൊടുക്കുമെന്നു വാഗ്ദത്തം ചെയ്ത ദേശം ഒക്കെയും നിനക്കു തന്നാൽ ഈ മൂന്നു പട്ടണങ്ങൾ കൂടാതെ വേറെയും മൂന്നു വേറുതിരിക്കേണം. 10നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു കുറ്റമില്ലാത്ത രക്തം ചിന്നീട്ടു നിന്റെമേൽ രക്തപാതകം ഉണ്ടാകരുതു. 11എന്നാൽ ഒരുത്തൻ കൂട്ടുകാരനെ ദ്വേഷിച്ചു തരംനോക്കി അവനോടു കയൎത്തു അവനെ അടിച്ചുകൊന്നിട്ടു ഈ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയാൽ, 12അവന്റെ പട്ടണത്തിലെ മൂപ്പന്മാർ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന്നു രക്തപ്രതികാരകന്റെ കയ്യിൽ ഏല്പിക്കേണം. 13നിനക്കു അവനോടു കനിവു തോന്നരുതു; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലിൽനിന്നു നീക്കിക്കളയേണം.

14നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നീ കൈവശമാക്കുവാനിരിക്കുന്ന നിന്റെ അവകാശത്തിൽ പൂൎവ്വന്മാർ വെച്ചിരിക്കുന്നതായ കൂട്ടുകാരന്റെ അതിർ നീക്കരുതു.

15മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാൎയ്യം ഉറപ്പാക്കേണം. 16ഒരുത്തന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാൻ ഒരു കള്ളസ്സാക്ഷി അവന്നു വിരോധമായി എഴുന്നേറ്റാൽ 17തമ്മിൽ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയിൽ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നിൽക്കേണം. 18ന്യായാധിപന്മാർ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസ്സാക്ഷ്യം പറഞ്ഞു എന്നും കണ്ടാൽ 19അവൻ സഹോദരന്നു വരുത്തുവാൻ നിരൂപിച്ചതുപോലെ നിങ്ങൾ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം. 20ഇനി നിങ്ങളുടെ ഇടയിൽ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന്നു ശേഷമുള്ളവർ കേട്ടു ഭയപ്പെടേണം. 21നിനക്കു കനിവു തോന്നരുതു; ജീവന്നു പകരം ജീവൻ, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈക്കു പകരം കൈ, കാലിന്നു പകരം കാൽ.

Copyright information for Mal1910