Deuteronomy 33

1ദൈവപുരുഷനായ മോശെ തന്റെ മരണത്തിന്നു മുമ്പെ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിതു: 2അവൻ പറഞ്ഞതെന്തെന്നാൽ:

യഹോവ സീനായിൽനിന്നു വന്നു,
അവൎക്കു സേയീരിൽനിന്നു ഉദിച്ചു,
പാറാൻ പൎവ്വതത്തിൽനിന്നു വിളങ്ങി; ലക്ഷോപിലക്ഷം വിശുദ്ധന്മാരുടെ അടുക്കൽ നിന്നു വന്നു;
അവൎക്കുവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു.
3അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു.
അവർ തൃക്കാൽക്കൽ ഇരുന്നു; അവൻ തിരുവചനങ്ങൾ പ്രാപിച്ചു.
4യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.
5ജനത്തിന്റെ തലവന്മാരും
യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ അവൻ യെശൂരുന്നു രാജാവായിരുന്നു.
6രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ;
അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ
7യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവൻ പറഞ്ഞതു:
യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ.
തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു;
ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.

8ലേവിയെക്കുറിച്ചു അവൻ പറഞ്ഞതു:

നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു;
നീ മസ്സയിൽവെച്ചു പരീക്ഷിക്കയും
കലഹജലത്തിങ്കൽ നീ പൊരുകയും
ചെയ്തവന്റെ പക്കൽ തന്നേ.
9അവൻ അപ്പനെയും അമ്മയെയും കുറിച്ചു:
ഞാൻ അവരെ കണ്ടില്ല എന്നു പറഞ്ഞു;
സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്നോൎത്തതുമില്ല.
നിന്റെ വചനം അവർ പ്രമാണിച്ചു, നിന്റെ നിയമം കാത്തുകൊൾകയും ചെയ്തു.
10അവർ യാക്കോബിന്നു നിന്റെ വിധികളും
യിസ്രായേലിന്നു ന്യായപ്രമാണവും ഉപദേശിക്കും;
അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും
യാഗപീഠത്തിന്മേൽ സൎവ്വാംഗഹോമവും അൎപ്പിക്കും.
11യഹോവ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ;
അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ.
അവന്റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേൽക്കാതവണ്ണം
അവരുടെ അരകളെ തകൎത്തുകളയേണമേ.
12ബെന്യാമിനെക്കുറിച്ചു അവൻ പറഞ്ഞതു:
അവൻ യഹോവെക്കു പ്രിയൻ; തത്സന്നിധിയിൽ നിൎഭയം വസിക്കും;
താൻ അവനെ എല്ലായ്പോഴും മറെച്ചുകൊള്ളുന്നു;
അവന്റെ ഗിരികളുടെ മദ്ധ്യേ അധിവസിക്കുന്നു.
13യോസേഫിനെക്കുറിച്ചു അവൻ പറഞ്ഞതു:
ആകാശത്തിലെ വിശിഷ്ടവസ്തുവായ മഞ്ഞുകൊണ്ടും
താഴെ കിടക്കുന്ന അഗാധജലംകൊണ്ടും
14സൂൎയ്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും
പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ടഫലംകൊണ്ടും
15പുരാതനപൎവ്വതങ്ങളുടെ ശ്രേഷ്ഠസാധനങ്ങൾ കൊണ്ടും
ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും
ഭൂമിയിലെ വിശേഷവസ്തുക്കളും സമൃദ്ധിയുംകൊണ്ടും
അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
16മുൾപ്പടൎപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും
തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
17അവന്റെ കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം;
അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ;
അവയാൽ അവൻ സകലജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഓടിക്കും;
അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.
18സെബൂലൂനെക്കുറിച്ചു അവൻ പറഞ്ഞതു:
സെബൂലൂനേ, നിന്റെ പ്രയാണത്തിലും,
യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക.
19അവർ ജാതികളെ പൎവ്വതത്തിലേക്കു വിളിക്കും;
അവിടെ നീതിയാഗങ്ങളെ കഴിക്കും.
അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.
20ഗാദിനെക്കുറിച്ചു അവൻ പറഞ്ഞതു:
ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ.
ഒരു സിംഹിപോലെ അവൻ പതുങ്ങിക്കിടന്നു
ഭുജവും നെറുകയും പറിച്ചുകീറുന്നു.
21അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു;
അവിടെ നായകന്റെ ഓഹരി സംഗ്രഹിച്ചു വെച്ചിരുന്നു;
അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും
യിസ്രായേലുമായി അവന്റെ വിധികളും നടത്തി.
22ദാനെക്കുറിച്ചു അവൻ പറഞ്ഞതു:
ദാൻ ബാലസിംഹം ആകുന്നു;
അവൻ ബാശാനിൽനിന്നു ചാടുന്നു.
23നഫ്താലിയെക്കുറിച്ചു അവൻ പറഞ്ഞതു:
നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി
പടിഞ്ഞാറും തെക്കും കൈവശമാക്കുക.
24ആശേരിനെക്കുറിച്ചു അവൻ പറഞ്ഞതു:
ആശേർ പുത്രസമ്പത്തുകൊണ്ടു അനുഗ്രഹിക്കപ്പെട്ടവൻ;
അവൻ സഹോദരന്മാൎക്കു ഇഷ്ടനായിരിക്കട്ടെ;
അവൻ കാൽ എണ്ണയിൽ മുക്കട്ടെ.
25നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ.
നിന്റെ ബലം ജീവപൎയ്യന്തം നിൽക്കട്ടെ.
26യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല;
നിന്റെ സഹായത്തിന്നായി അവൻ ആകാശത്തൂടെ
തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.
27പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു;
അവൻ ശത്രുവിനെ നിന്റെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു.
സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.
28ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേൽ നിൎഭയമായും
യാക്കോബിൻ ഉറവു തനിച്ചും വസിക്കുന്നു;
ആകാശം അവന്നു മഞ്ഞു പൊഴിക്കുന്നു.
29യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ?
യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും
നിന്റെ മഹിമയുടെ വാളും ആകുന്നു.
നിന്റെ ശത്രുക്കൾ നിന്നോടു അനുസരണം നടിക്കും.
നീ അവരുടെ ഉന്നതങ്ങളിന്മേൽ നടകൊള്ളും.
Copyright information for Mal1910