Joshua 23

1യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിന്നു സ്വസ്ഥത നല്കി ഏറെക്കാലം കഴിഞ്ഞു യോശുവ വയസ്സു ചെന്നു വൃദ്ധൻ ആയശേഷം 2യോശുവ എല്ലായിസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു അവരോടു പറഞ്ഞതെന്തെന്നാൽ: ഞാൻ വയസ്സുചെന്നു വൃദ്ധൻ ആയിരിക്കുന്നു. 3നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകലജാതികളോടും ചെയ്തതൊക്കെയും നിങ്ങൾ കണ്ടിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്തതു. 4ഇതാ, യോൎദ്ദാൻമുതൽ പടിഞ്ഞാറോട്ടു മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാൻ സംഹരിച്ചുകളഞ്ഞിട്ടുള്ള സകലജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങൾക്കു അവകാശമായി നറുക്കിട്ടു വിഭാഗിച്ചു തന്നിരിക്കുന്നു. 5നിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പിൽനിന്നു ഓടിച്ചു നിങ്ങളുടെ ദൃഷ്ടിയിൽനിന്നു നീക്കിക്കളയും; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും. 6ആകയാൽ മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചുനടപ്പാനും അതിൽനിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിൻ. 7നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജാതികളോടു നിങ്ങൾ ഇടകലരരുതു; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യംചെയ്കയും അരുതു; അവയെ സേവിക്കയും നമസ്കരിക്കയും അരുതു. 8നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേൎന്നിരിപ്പിൻ. 9യഹോവ നിങ്ങളുടെ മുമ്പിൽനിന്നു വലിപ്പവും ബലവുമുള്ള ജാതികളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യന്നും ഇന്നുവരെ നിങ്ങളുടെ മുമ്പിൽ നില്പാൻ കഴിഞ്ഞിട്ടില്ല. 10നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതുപോലെ താൻതന്നേ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ടു നിങ്ങളിൽ ഒരുത്തൻ ആയിരം പേരെ ഓടിച്ചിരിക്കുന്നു. 11അതുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിപ്പാൻ പൂൎണ്ണമനസ്സോടെ ഏറ്റവും ജാഗ്രതയായിരിപ്പിൻ. 12അല്ലാതെ നിങ്ങൾ വല്ലപ്രകാരവും പിന്തിരിഞ്ഞു നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേൎന്നു വിവാഹസംബന്ധം ചെയ്കയും നിങ്ങൾ അവരോടും അവർ നിങ്ങളോടും ഇടകലരുകയും ചെയ്താൽ 13നിങ്ങളുടെ ദൈവമായ യഹോവ മേലാൽ ഈ ജാതികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്കു കുടുക്കും കണിയും വിലാപ്പുറത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നു അറിഞ്ഞുകൊൾവിൻ. 14ഇതാ, ഞാൻ ഇന്നു സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂൎണ്ണഹൃദയത്തിലും പൂൎണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല. 15നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തിട്ടുള്ള എല്ലാനന്മകളും നിങ്ങൾക്കു സംഭവിച്ചതുപോലെ തന്നേ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങളെ നശിപ്പിക്കുംവരെ യഹോവ എല്ലാതിന്മകളും നിങ്ങളുടെമേൽ വരുത്തും. 16നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള അവന്റെ നിയമം നിങ്ങൾ ലംഘിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെ നേരെ ജ്വലിക്കും; അവൻ നിങ്ങൾക്കു തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്നു നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.

Copyright information for Mal1910