Lamentations 2

1അയ്യോ! യഹോവ സീയോൻ പുത്രിയെ തന്റെ കോപത്തിൽ മേഘംകൊണ്ടു മറെച്ചതെങ്ങനെ?

അവൻ യിസ്രായേലിന്റെ മഹത്വം ആകാശത്തുനിന്നു ഭൂമിയിൽ ഇട്ടുകളഞ്ഞു;
തന്റെ കോപദിവസത്തിൽ അവൻ തന്റെ പാദപീഠത്തെ ഓൎത്തതുമില്ല.
2കൎത്താവു കരുണ കാണിക്കാതെ യാക്കോബിന്റെ മേച്ചൽപുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു;
തന്റെ ക്രോധത്തിൽ അവൻ യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു;
രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും അവൻ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
3തന്റെ ഉഗ്രകോപത്തിൽ അവൻ യിസ്രായേലിന്റെ കൊമ്പു ഒക്കെയും വെട്ടിക്കളഞ്ഞു;
തന്റെ വലങ്കയ്യെ അവൻ ശത്രുവിൻ മുമ്പിൽ നിന്നു പിൻവലിച്ചുകളഞ്ഞു;
ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവൻ യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.
4ശത്രു എന്നപോലെ അവൻ വില്ലു കുലെച്ചു, വൈരി എന്നപോലെ അവൻ വലങ്കൈ ഓങ്ങി;
കണ്ണിന്നു കൌതുകമുള്ളതു ഒക്കെയും നശിപ്പിച്ചുകളഞ്ഞു;
സീയോൻ പുത്രിയുടെ കൂടാരത്തിൽ തന്റെ ക്രോധം തീപോലെ ചൊരിഞ്ഞു;
5കൎത്താവു ശത്രുവെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു;
അവളുടെ അരമനകളെ ഒക്കെയും മുടിച്ചു, അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു;
യെഹൂദാപുത്രിക്കു ദുഃഖവും വിലാപവും വൎദ്ധിപ്പിച്ചിരിക്കുന്നു.
6അവൻ തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു; തന്റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു;
യഹോവ സീയോനിൽ ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി,
തന്റെ ഉഗ്രകോപത്തിൽ രാജാവിനെയും പുരോഹിതനെയും നിരസിച്ചുകളഞ്ഞു.
7കൎത്താവു തന്റെ യാഗപീഠം തള്ളിക്കളഞ്ഞു, തന്റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു;
അവളുടെ അരമനമതിലുകളെ അവൻ ശത്രുവിന്റെ കയ്യിൽ ഏല്പിച്ചു;
അവർ ഉത്സവത്തിൽ എന്നപോലെ യഹോവയുടെ ആലയത്തിൽ ആരവം ഉണ്ടാക്കി.
8യഹോവ സീയോൻ പുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിൎണ്ണയിച്ചു;
അവൻ അളന്നു നശിപ്പിക്കുന്നതിൽനിന്നു കൈ പിൻവലിച്ചില്ല;
അവൻ കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
9അവളുടെ വാതിലുകൾ മണ്ണിൽ പൂണ്ടുപോയിരിക്കുന്നു;
അവളുടെ ഓടാമ്പൽ അവൻ തകൎത്തു നശിപ്പിച്ചിരിക്കുന്നു;
അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയിൽ ഇരിക്കുന്നു;
അവളുടെ പ്രവാചകന്മാൎക്കു യഹോവയിങ്കൽ നിന്നു ദൎശനം ഉണ്ടാകുന്നതുമില്ല.
10സീയോൻപുത്രിയുടെ മൂപ്പന്മാർ മിണ്ടാതെ നിലത്തിരിക്കുന്നു;
അവർ തലയിൽ പൊടി വാരിയിട്ടു രട്ടുടുത്തിരിക്കുന്നു;
യെരൂശലേം കന്യകമാർ നിലത്തോളം തല താഴ്ത്തുന്നു.
11എന്റെ ജനത്തിൻ പുത്രിയുടെ നാശംനിമിത്തം ഞാൻ കണ്ണുനീർ വാൎത്തു കണ്ണു മങ്ങിപ്പോകുന്നു;
എന്റെ ഉള്ളം കലങ്ങി കരൾ നിലത്തു ചൊരിഞ്ഞുവീഴുന്നു;
പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളൎന്നുകിടക്കുന്നു.
12അവർ നിഹതന്മാരെപ്പോലെ നഗരവീഥികളിൽ തളൎന്നുകിടക്കുമ്പോഴും
അമ്മമാരുടെ മാൎവ്വിൽവെച്ചു പ്രാണൻ വിടുമ്പോഴും
ആഹാരവും വീഞ്ഞും എവിടെ എന്നു അമ്മമാരോടു ചോദിക്കുന്നു.
13യെരൂശലേംപുത്രിയേ, ഞാൻ നിന്നോടു എന്തു സാക്ഷീകരിക്കേണ്ടു? എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടു?
സീയോൻ പുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ എന്തൊന്നു നിന്നോടുപമിക്കേണ്ടു?
നിന്റെ മുറിവു സമുദ്രംപോലെ വലുതായിരിക്കുന്നു; ആർ നിനക്കു സൌഖ്യം വരുത്തും?
14നിന്റെ പ്രവാചകന്മാർ നിനക്കു ഭോഷത്വവും വ്യാജവും ദൎശിച്ചിരിക്കുന്നു;
അവർ നിന്റെ പ്രവാസം മാറ്റുവാൻ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ
വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദൎശിച്ചിരിക്കുന്നു.
15കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു;
അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കി:
സൌന്ദൎയ്യപൂൎത്തി എന്നും സൎവ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു.
16നിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരെ വായ്പിളൎക്കുന്നു;
അവർ ചൂളകുത്തി, പല്ലുകടിച്ചു: നാം അവളെ വിഴുങ്ങിക്കളഞ്ഞു,
നാം കാത്തിരുന്ന ദിവസം ഇതുതന്നേ, നമുക്കു സാദ്ധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ എന്നു പറയുന്നു.
17യഹോവ നിൎണ്ണയിച്ചതു അനുഷ്ടിച്ചിരിക്കുന്നു;
പുരാതനകാലത്തു അരുളിച്ചെയ്തതു നിവൎത്തിച്ചിരിക്കുന്നു.
കരുണകൂടാതെ അവൻ ഇടിച്ചുകളഞ്ഞു; അവൻ ശത്രുവിനെ
നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പു ഉയൎത്തിയിരിക്കുന്നു.
18അവരുടെ ഹൃദയം കൎത്താവിനോടു നിലവിളിച്ചു;
സീയോൻ പുത്രിയുടെ മതിലേ, രാവും പകലും ഓലോല കണ്ണുനീരൊഴുക്കുക;
നിനക്കുതന്നേ സ്വസ്ഥത നല്കരുതു; നിന്റെ കണ്മണി വിശ്രമിക്കയുമരുതു.
19രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക;
നിന്റെ ഹൃദയത്തെ വെള്ളംപോലെ കൎത്തൃ സന്നിധിയിൽ പകരുക;
വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളൎന്നുകിടക്കുന്ന
നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലൎത്തുക.
20യഹോവേ, ആരോടാകുന്നു നീ ഇങ്ങനെ ചെയ്തതെന്നു ഓൎത്തു കടാക്ഷിക്കേണമേ!
സ്ത്രീകൾ ഗൎഭഫലത്തെ, കയ്യിൽ താലോലിച്ചു പോരുന്ന കുഞ്ഞുളെ തന്നേ തിന്നേണമോ?
കൎത്താവിന്റെ വിശുദ്ധമന്ദിരത്തിൽ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടേണമോ?
21വീഥികളിൽ ബാലനും വൃദ്ധനും നിലത്തു കിടക്കുന്നു;
എന്റെ കന്യകമാരും യൌവനക്കാരും വാൾകൊണ്ടു വീണിരിക്കുന്നു;
നിന്റെ കോപദിവസത്തിൽ നീ അവരെ കൊന്നു, കരുണകൂടാതെ അറുത്തുകളഞ്ഞു.
22ഉത്സവത്തിന്നു വിളിച്ചുകൂട്ടുംപോലെ നീ എനിക്കു സൎവ്വത്രഭീതികളെ വിളിച്ചുകൂട്ടിയിരിക്കുന്നു;
യഹോവയുടെ കോപദിവസത്തിൽ ആരും ചാടിപ്പോകയില്ല; ആരും ശേഷിച്ചതുമില്ല;
ഞാൻ കയ്യിൽ താലോലിച്ചു വളൎത്തിയവരെ എന്റെ ശത്രു മുടിച്ചിരിക്കുന്നു.
Copyright information for Mal1910