Psalms 132

ആരോഹണഗീതം.

1യഹോവേ, ദാവീദിനെയും
അവന്റെ സകലകഷ്ടതയെയും ഓൎക്കേണമേ.
2അവൻ യഹോവയോടു സത്യം ചെയ്തു
യാക്കോബിന്റെ വല്ലഭന്നു നേൎന്നതു എന്തെന്നാൽ:
3ഞാൻ യഹോവെക്കു ഒരു സ്ഥലം,
യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ
4ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല;
എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.
5ഞാൻ എന്റെ കണ്ണിന്നു ഉറക്കവും
എന്റെ കൺപോളെക്കു മയക്കവും കൊടുക്കയില്ല.
6നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു
വനപ്രദേശത്തു അതിനെ കണ്ടെത്തിയല്ലോ.
7നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു
അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുക.
8യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി
നിന്റെ വിശ്രാമത്തിലേക്കു എഴുന്നെള്ളേണമേ.
9നിന്റെ പുരോഹിതന്മാർ നീതി ധരിക്കയും
നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.
10നിന്റെ ദാസനായ ദാവീദിൻനിമിത്തം
നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.
11ഞാൻ നിന്റെ ഉദരഫലത്തെ
നിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നും
12നിന്റെ മക്കൾ എന്റെ നിയമത്തെയും
ഞാൻ അവൎക്കു ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ
അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നും
യഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.
13യഹോവ സീയോനെ തിരഞ്ഞെടുക്കയും
അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.
14അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു;
ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും;
15അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും;
അതിലെ ദരിദ്രന്മാൎക്കു അപ്പംകൊണ്ടു തൃപ്തി വരുത്തും.
16അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും;
അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.
17അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും;
എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.
18ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും;
അവന്റെ തലയിലോ കിരീടം ശോഭിക്കും.
Copyright information for Mal1910