Psalms 145

ദാവീദിന്റെ ഒരു സങ്കീൎത്തനം.

1എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും;
ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
2നാൾതോറും ഞാൻ നിന്നെ വാഴ്ത്തും;
ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
3യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു;
അവന്റെ മഹിമ അഗോചരമത്രേ.
4തലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി
നിന്റെ വീൎയ്യപ്രവൃത്തികളെ പ്രസ്താവിക്കും.
5നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും
നിന്റെ അത്ഭുതകാൎയ്യങ്ങളെയും ഞാൻ ധ്യാനിക്കും.
6മനുഷ്യർ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും;
ഞാൻ നിന്റെ മഹിമയെ വൎണ്ണിക്കും.
7അവർ നിന്റെ വലിയ നന്മയുടെ ഓൎമ്മയെ പ്രസിദ്ധമാക്കും;
നിന്റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.
8യഹോവ കൃപയും കരുണയും
ദീൎഘക്ഷമയും മഹാദയയും ഉള്ളവൻ.
9യഹോവ എല്ലാവൎക്കും നല്ലവൻ;
തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.
10യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും;
നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും.
11മനുഷ്യപുത്രന്മാരോടു അവന്റെ വീൎയ്യപ്രവൃത്തികളും
അവന്റെ രാജത്വത്തിൻതേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു
12അവർ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി
നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും.
13നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു;
നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
14വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു;
കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിൎത്തുന്നു.
15എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു;
നീ തത്സമയത്തു അവൎക്കു ഭക്ഷണം കൊടുക്കുന്നു.
16നീ തൃക്കൈ തുറന്നു
ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.
17യഹോവ തന്റെ സകലവഴികളിലും നീതിമാനും
തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
18യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവൎക്കും,
സത്യമായി തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവൎക്കും സമീപസ്ഥനാകുന്നു.
19തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും;
അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.
20യഹോവ തന്നേ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു;
എന്നാൽ സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും;
21എന്റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും;
സകല ജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.
Copyright information for Mal1910