Psalms 5

സംഗീതപ്രമാണിക്കു വേണുനാദത്തോടെ ദാവീദിന്റെ ഒരു സങ്കീൎത്തനം.

1യഹോവേ, എന്റെ വാക്കുകൾക്കു ചെവി തരേണമേ;
എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ;
2എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ,
എന്റെ സങ്കടയാചന കേൾക്കേണമേ;
നിന്നോടല്ലോ ഞാൻ പ്രാൎത്ഥിക്കുന്നതു.
3യഹോവേ, രാവിലെ എന്റെ പ്രാൎത്ഥന കേൾക്കേണമേ;
രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.
4നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല;
ദുഷ്ടൻ നിന്നോടുകൂടെ പാൎക്കയില്ല.
5അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കയില്ല;
നീതികേടു പ്രവൎത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.
6ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും;
രക്തപാതകവും ചതിവുമുള്ളവൻ യഹോവെക്കു അറെപ്പാകുന്നു;
7ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നു
നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.
8യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ;
എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.
9അവരുടെ വായിൽ ഒട്ടും നേരില്ല;
അവരുടെ അന്തരംഗം നാശകൂപം തന്നേ;
അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു;
നാവുകൊണ്ടു അവർ മധുരവാക്കു പറയുന്നു.
10ദൈവമേ അവരെ കുറ്റംവിധിക്കേണമേ;
തങ്ങളുടെ ആലോചനകളാൽ തന്നേ അവർ വീഴട്ടെ;
അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ;
നിന്നോടല്ലോ അവർ മത്സരിച്ചിരിക്കുന്നതു.
11എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും;
നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാൎക്കും;
നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും;
12യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും;
പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;
Copyright information for Mal1910