Psalms 72

ശലമോന്റെ ഒരു സങ്കീൎത്തനം.

1ദൈവമേ, രാജാവിന്നു നിന്റെ ന്യായവും
രാജകുമാരന്നു നിന്റെ നീതിയും നല്കേണമേ.
2അവൻ നിന്റെ ജനത്തെ നീതിയോടും
നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.
3നീതിയാൽ പൎവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ.
4ജനത്തിൽ എളിയവൎക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ;
ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകൎത്തുകളകയും ചെയ്യട്ടെ;
5സൂൎയ്യചന്ദ്രന്മാരുള്ള കാലത്തോളവും
അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.
6അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും
ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.
7അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ;
ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.
8അവൻ സമുദ്രംമുതൽ സമുദ്രംവരെയും
നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.
9മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ;
അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ.
10തൎശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ;
ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ.
11സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ;
സകലജാതികളും അവനെ സേവിക്കട്ടെ.
12അവൻ നിലവിളിക്കുന്ന ദരിദ്രനെയും
സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.
13എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും;
ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.
14അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും;
അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.
15അവൻ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും;
അവന്നുവേണ്ടി എപ്പോഴും പ്രാൎത്ഥന കഴിക്കും;
ഇടവിടാതെ അവനെ അനുഗ്രഹിക്കും.
16ദേശത്തു പൎവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും;
അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും;
നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും.
17അവന്റെ നാമം എന്നേക്കും ഇരിക്കും;
അവന്റെ നാമം സൂൎയ്യൻ ഉള്ളേടത്തോളം നിലനില്ക്കും;
മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും;
സകലജാതികളും അവനെ ഭാഗ്യവാൻ എന്നു പറയും.
18താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി
യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
19അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ;
ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേൻ, ആമേൻ.
20യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാൎത്ഥനകൾ അവസാനിച്ചിരിക്കുന്നു.

മൂന്നാം പുസ്തകം.

Copyright information for Mal1910