Psalms 85

സംഗീതപ്രമാണിക്കു; കോരഹ് പുത്രന്മാരുടെ ഒരു സങ്കീൎത്തനം.

1യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു;
യാക്കോബിന്റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു.
2നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു;
അവരുടെ പാപം ഒക്കെയും നീ മൂടിക്കളഞ്ഞു.

സേലാ.
3നിന്റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു;
നിന്റെ ഉഗ്രകോപം നീ വിട്ടുതിരിഞ്ഞിരിക്കുന്നു.
4ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;
ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കേണമേ.
5നീ എന്നും ഞങ്ങളോടു കോപിക്കുമോ?
തലമുറതലമുറയോളം നിന്റെ കോപം ദീൎഘിച്ചിരിക്കുമോ?
6നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു
നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?
7യഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ;
നിന്റെ രക്ഷ ഞങ്ങൾക്കു നല്കേണമേ.
8യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും;
അവർ ഭോഷത്വത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന്നു
അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും.
9തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന്നു
അവന്റെ രക്ഷ അവന്റെ ഭക്തന്മാരോടു അടുത്തിരിക്കുന്നു നിശ്ചയം.
10ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു.
നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.
11വിശ്വസ്തത ഭൂമിയിൽനിന്നു മുളെക്കുന്നു;
നീതി സ്വൎഗ്ഗത്തിൽനിന്നു നോക്കുന്നു.
12യഹോവ നന്മ നല്കുകയും
നമ്മുടെ ദേശം വിളതരികയും ചെയ്യും.
13നീതി അവന്നു മുമ്പായി നടക്കയും
അവന്റെ കാൽചുവടുകളുടെ വഴി നോക്കുകയും ചെയ്യും.
Copyright information for Mal1910