Revelation of John 15

1ഞാൻ വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വൎഗ്ഗത്തിൽ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ തന്നേ; അതോടുകൂടെ ദൈവക്രോധം തീൎന്നു.

2തീ കലൎന്ന പളുങ്കുകടൽപോലെ ഒന്നും മൃഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെ സംഖ്യയോടും ജയിച്ചവർ ദൈവത്തിന്റെ വീണകൾ പിടിച്ചുംകൊണ്ടു പളുങ്കുകടലിന്നരികെ നില്ക്കുന്നതും ഞാൻ കണ്ടു. 3അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതു: സൎവ്വശക്തിയുള്ള ദൈവമായ കൎത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സൎവ്വജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ. 4കൎത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.

5ഇതിന്റെ ശേഷം സ്വൎഗ്ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നതു ഞാൻ കണ്ടു. 6ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചും മാറത്തു പൊൻകച്ച കെട്ടിയുംകൊണ്ടു ദൈവാലയത്തിൽ നിന്നു പുറപ്പെട്ടുവന്നു. 7അപ്പോൾ നാലു ജീവികളിൽ ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊൻകലശം ആ ഏഴു ദൂതന്മാൎക്കു കൊടുത്തു. 8ദൈവത്തിന്റെ തേജസ്സും ശക്തിയും ഹേതുവായിട്ടു ദൈവാലയം പുകകൊണ്ടു നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തിൽ കടപ്പാൻ ആൎക്കും കഴിഞ്ഞില്ല.

Copyright information for Mal1910