‏ Ezekiel 47

1അവൻ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മടക്കിക്കൊണ്ടുവന്നപ്പോൾ ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാൻ കണ്ടു. ആലയത്തിന്റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്തു കീഴെനിന്നു യാഗപീഠത്തിന്നു തെക്കുവശമായി ഒഴുകി. 2അവൻ വടക്കോട്ടുള്ള ഗോപുരത്തിൽകൂടി എന്നെ പുറത്തു കൊണ്ടു ചെന്നു പുറത്തെ വഴിയായി കിഴക്കോട്ടു ദൎശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാൻ കണ്ടു. 3ആ പുരുഷൻ കയ്യിൽ ചരടുമായി കിഴക്കോട്ടു നടന്നു, ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽ കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി. 4അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി. 5അവൻ പിന്നെയും ആയിരം മുഴം അളന്നു; അതു എനിക്കു കടപ്പാൻ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാൻ വഹിയാത്ത ഒരു നദിയായിത്തീൎന്നു. 6അവൻ എന്നോടു: മനുഷ്യപുത്രാ, കണ്ടുവോ എന്നു ചോദിച്ചു; പിന്നെ അവൻ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി. 7ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്തു ഇക്കരെയും അക്കരെയും അനവധി വൃക്ഷം നില്ക്കുന്നതു കണ്ടു. 8അപ്പോൾ അവൻ എന്നോടു അരുളിച്ചെയ്തതു: ഈ വെള്ളം കിഴക്കെ ഗലീലയിലേക്കു പുറപ്പെട്ടു അരാബയിലേക്കു ഒഴുകി കടലിൽ വീഴുന്നു; ഒഴുകിച്ചെന്നു വെള്ളം കടലിൽ വീണിട്ടു അതിലെ വെള്ളം പത്ഥ്യമായ്തീരും. 9എന്നാൽ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീൎന്നിട്ടു സകലവും ജീവിക്കും. 10അതിന്റെ കരയിൽ ഏൻ-ഗതി മുതൽ ഏൻ-എഗ്ലയീംവരെ മീൻപിടിക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധജാതിയായി അസംഖ്യമായിരിക്കും. 11എന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും കുഴിനിലങ്ങളും പത്ഥ്യമായ്‌വരാതെ ഉപ്പുപടനെക്കായി വിട്ടേക്കും. 12നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാൻ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്നു ഒഴുകിവരുന്നതുകൊണ്ടു അവ മാസംതോറും പുതിയ ഫലം കായ്ക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.

13യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്കും അവകാശമായി വിഭാഗിക്കേണ്ടുന്ന അതിർവിവരം: യോസേഫിന്നു രണ്ടു പങ്കു ഇരിക്കേണം. 14നിങ്ങളുടെ പിതാക്കന്മാൎക്കു നല്കുമെന്നു ഞാൻ കൈ ഉയൎത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങൾക്കു എല്ലാവൎക്കും ഭേദംകൂടാതെ അതു അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങൾക്കു അവകാശമായി വരും. 15ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതൽ ഹെത്ലോൻവഴിയായി 16സെദാദ് വരെയും ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്റെ അതിരിന്നും ഹമാത്തിന്റെ അതിരിന്നും ഇടയിലുള്ള സിബ്രയീമും ഹൌറാന്റെ അതിരിങ്കലുള്ള നടുഹാസേരും 17ഇങ്ങനെ അതിർ സമുദ്രംമുതൽ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം. 18കിഴക്കു ഭാഗമോ ഹൌറാൻ, ദമ്മേശെക്, ഗിലെയാദ് എന്നിവെക്കും യിസ്രായേൽദേശത്തിന്നും ഇടയിൽ യോൎദ്ദാൻ ആയിരിക്കേണം; വടക്കെഅതിർമുതൽ കിഴക്കെകടൽവരെ നിങ്ങൾ അളക്കേണം; അതു കിഴക്കെഭാഗം. 19തെക്കുഭാഗമോ തെക്കോട്ടു താമാർമുതൽ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം. 20പടിഞ്ഞാറുഭാഗമോ: തെക്കെ അതിർമുതൽ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറെ ഭാഗം. 21ഇങ്ങനെ നിങ്ങൾ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങൾക്കു തക്കവണ്ണം വിഭാഗിച്ചുകൊള്ളേണം. 22നിങ്ങൾ അതിനെ നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നു പാൎക്കുന്നവരായി നിങ്ങളുടെ ഇടയിൽ മക്കളെ ജനിപ്പിക്കുന്ന പരദേശികൾക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കേണം; അവർ നിങ്ങൾക്കു യിസ്രായേൽമക്കളുടെ ഇടയിൽ സ്വദേശികളെപ്പോലെ ആയിരിക്കേണം; നിങ്ങളോടുകൂടെ അവൎക്കും യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവകാശം ലഭിക്കേണം. 23പരദേശി വന്നു പാൎക്കുന്ന ഗോത്രത്തിൽ തന്നേ നിങ്ങൾ അവന്നു അവകാശം കൊടുക്കേണം എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.

Copyright information for Mal1910