Psalms 65
സംഗീതപ്രമാണിക്കു; ഒരു സങ്കീൎത്തനം; ദാവീദിന്റെ ഒരു ഗീതം.
1ദൈവമേ, സീയോനിൽ സ്തുതി നിനക്കു യോഗ്യം;നിനക്കു തന്നേ നേൎച്ച കഴിക്കുന്നു.
2പ്രാൎത്ഥന കേൾക്കുന്നവനായുള്ളോവേ,
സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.
3എന്റെ അകൃത്യങ്ങൾ എന്റെ നേരെ അതിബലമായിരിക്കുന്നു;
നീയോ ഞങ്ങളുടെ അതിക്രമങ്ങൾക്കു പരിഹാരം വരുത്തും.
4നിന്റെ പ്രാകാരങ്ങളിൽ പാൎക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;
ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.
5ഭൂമിയുടെ എല്ലാഅറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിന്നും
ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ,
നീ ഭയങ്കരകാൎയ്യങ്ങളാൽ നീതിയോടെ ഞങ്ങൾക്കു ഉത്തരമരുളുന്നു.
6അവൻ ബലം അരെക്കു കെട്ടിക്കൊണ്ടു തന്റെ ശക്തിയാൽ പൎവ്വതങ്ങളെ ഉറപ്പിക്കുന്നു.
7അവൻ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും
ജാതികളുടെ കലഹവും ശമിപ്പിക്കുന്നു.
8ഭൂസീമാവാസികളും നിന്റെ ലക്ഷ്യങ്ങൾ നിമിത്തം ഭയപ്പെടുന്നു;
ഉദയത്തിന്റെയും അസ്തമനത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.
9നീ ഭൂമിയെ സന്ദൎശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു;
ദൈവത്തിന്റെ നദിയിൽ വെള്ളം നിറെഞ്ഞിരിക്കുന്നു;
ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവൎക്കു ധാന്യം കൊടുക്കുന്നു.
10നീ അതിന്റെ ഉഴവുചാലുകളെ നനെക്കുന്നു;
നീ അതിന്റെ കട്ട ഉടെച്ചുനിരത്തുന്നു;
മഴയാൽ നീ അതിനെ കുതിൎക്കുന്നു;
അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.
11നീ സംവത്സരത്തെ നിന്റെ നന്മകൊണ്ടു അലങ്കരിക്കുന്നു;
നിന്റെ പാതകൾ പുഷ്ടിപൊഴിക്കുന്നു.
12മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു;
കുന്നുകൾ ഉല്ലാസം ധരിക്കുന്നു.
13മേച്ചല്പുറങ്ങൾ ആട്ടിൻ കൂട്ടങ്ങൾകൊണ്ടു നിറെഞ്ഞിരിക്കുന്നു;
താഴ്വരകൾ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു;
അവർ ആൎക്കുകയും പാടുകയും ചെയ്യുന്നു.
Copyright information for
Mal1910