Romans 4
1എന്നാൽ നമ്മുടെ പൂൎവ്വപിതാവായ അബ്രാഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടു? 2അബ്രാഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന്നു പ്രശംസിപ്പാൻ സംഗതി ഉണ്ടു; ദൈവസന്നിധിയിൽ ഇല്ലതാനും, 3തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ. 4എന്നാൽ പ്രവൎത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ. 5പ്രവൎത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു. 6ദൈവം പ്രവൃത്തികൂടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വൎണ്ണിക്കുന്നതു: 7“അധൎമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ.8കൎത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.”
9ഈ ഭാഗ്യവൎണ്ണനം പരിച്ഛേദനെക്കോ? അഗ്രചൎമ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു. 10എങ്ങനെ കണക്കിട്ടതു? പരിച്ഛേദനയിലോ? അഗ്രചൎമ്മത്തിലോ? പരിച്ഛേദനയിലല്ല, അഗ്രചൎമ്മത്തിലത്രേ. 11അഗ്രചൎമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചൎമ്മത്തോടെ വിശ്വസിക്കുന്നവൎക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവൎക്കു എല്ലാവൎക്കും പിതാവായിരിക്കേണ്ടതിന്നും 12പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചൎമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാൎക്കു പിതാവായിരിക്കേണ്ടതിന്നും തന്നേ. 13ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു. 14എന്നാൽ ന്യായപ്രമാണമുള്ളവർ അവകാശികൾ എങ്കിൽ വിശ്വാസം വ്യൎത്ഥവും വാഗ്ദത്തം ദുൎബ്ബലവും എന്നു വരും. 15ന്യായപ്രമാണമോ കോപത്തിന്നു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല. 16അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവൎക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവൎക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ. 17മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താൻ വിശ്വസിച്ച ദൈവത്തിന്റെ ദൃഷ്ടിയിൽ അവൻ നമുക്കെല്ലാവൎക്കും പിതാവാകേണ്ടതിന്നു തന്നേ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 18“നിന്റെ സന്തതി ഇവ്വണ്ണം ആകും” എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു. 19അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിൎജ്ജീവമായിപ്പോയതും സാറയുടെ ഗൎഭപാത്രത്തിന്റെ നിൎജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല. 20ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു, 21അവൻ വാഗ്ദത്തം ചെയ്തതു പ്രവൎത്തിപ്പാനും ശക്തൻ എന്നു പൂൎണ്ണമായി ഉറെച്ചു. 22അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു. 23അവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നതു അവനെ വിചാരിച്ചു മാത്രം അല്ല, 24നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിൎപ്പിച്ചുമിരിക്കുന്ന 25നമ്മുടെ കൎത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയൎപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.
Copyright information for
Mal1910