Leviticus 23:15-22

ആഴ്ചകളുടെ പെരുന്നാൾ

15“ ‘നിങ്ങൾ വിശിഷ്ടയാഗാർപ്പണത്തിനു കറ്റ കൊണ്ടുവന്ന ശബ്ബത്തിന്റെ പിറ്റേദിവസംമുതൽ ഏഴു പൂർണ ആഴ്ചകൾ എണ്ണണം.
ഇതു വാരോത്സവം, പുറ. 34:22; ലേവ്യ. 23:15-22 കാണുക. ഇതു പിന്നീട് പെന്തക്കൊസ്ത് ഉത്സവം എന്നു വിളിക്കപ്പെട്ടു, അ.പ്ര. 2:1 കാണുക. ഇന്ന് ഇത് ഷാവുആത് അഥവാ, ഷബുഒത് എന്നപേരിൽ അറിയപ്പെടുന്നു.
16ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റേദിവസംവരെ അൻപതു ദിവസം എണ്ണുക, പിന്നെ യഹോവയ്ക്കു പുതിയ ഭോജനയാഗം അർപ്പിക്കുക. 17നിങ്ങൾ എവിടെ താമസിച്ചാലും ആ വാസസ്ഥലങ്ങളിൽനിന്ന് രണ്ട് ഓമെർ നേർമയുള്ള മാവിലുണ്ടാക്കിയ രണ്ട് അപ്പം യഹോവയ്ക്ക് ആദ്യഫലങ്ങളുടെ വിശിഷ്ടയാഗാർപ്പണമായി കൊണ്ടുവരണം. അത് പുളിപ്പിച്ചു ചുട്ടതായിരിക്കണം. 18ഈ അപ്പത്തോടൊപ്പം ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴ് ആണാട്ടിൻകുട്ടിയും ഒരു കാളക്കിടാവും രണ്ട് ആട്ടുകൊറ്റനും കൊണ്ടുവരണം. അവയുടെ ഭോജനയാഗവും പാനീയയാഗവുംകൂടെ ചേർത്ത് അവ യഹോവയ്ക്ക് ഒരു ദഹനയാഗമായിരിക്കും; യഹോവയ്ക്കു പ്രസാദകരമായ ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ. 19പിന്നെ ഒരു ആൺകോലാടിനെ പാപശുദ്ധീകരണയാഗമായും ഒരുവയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടികളെ സമാധാനയാഗമായും അർപ്പിക്കണം. 20പുരോഹിതൻ ആദ്യഫലത്തിന്റെ അപ്പത്തോടുകൂടെ ആ രണ്ട് ആട്ടിൻകുട്ടികളെയും യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. അവ പുരോഹിതന്മാർക്കുവേണ്ടി യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധയാഗം. 21ആ ദിവസംതന്നെ നിങ്ങൾ വിശുദ്ധസഭായോഗം വിളംബരം ചെയ്യണം. അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള നിയമം ആയിരിക്കണം.

22“ ‘നിങ്ങളുടെ നിലത്തിലെ വിള ശേഖരിക്കുമ്പോൾ, അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും നിങ്ങളുടെ മധ്യേ പാർക്കുന്ന പ്രവാസിക്കും വിടണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”

Copyright information for MalMCV