Numbers 22:21-35

ബിലെയാമിന്റെ കഴുത

21ബിലെയാം രാവിലെ എഴുന്നേറ്റ് അദ്ദേഹത്തിന്റെ കഴുതയ്ക്കു ജീനിയിട്ട് മോവാബിലെ പ്രഭുക്കന്മാരോടുകൂടെ പോയി. 22എന്നാൽ അയാൾ പോയപ്പോൾ ദൈവം അത്യന്തം കോപിച്ചു. യഹോവയുടെ ദൂതൻ അയാളെ എതിരിടാൻ വഴിയിൽ നിന്നു. ബിലെയാം തന്റെ കഴുതപ്പുറത്ത് യാത്രചെയ്യുകയായിരുന്നു. അയാളുടെ രണ്ടു ദാസന്മാരും അയാളോടുകൂടെ ഉണ്ടായിരുന്നു. 23യഹോവയുടെ ദൂതൻ കൈയിൽ ഊരിയ വാളുമേന്തി വഴിയിൽ നിൽക്കുന്നതു കണ്ട കഴുത വഴിയിൽനിന്ന് ഒരുവയലിലേക്ക് തിരിഞ്ഞു. അതിനെ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബിലെയാം കഴുതയെ അടിച്ചു.

24പിന്നെ യഹോവയുടെ ദൂതൻ രണ്ടു മുന്തിരിത്തോപ്പുകളുടെ ഇടയിൽ രണ്ടുവശത്തും മതിലുള്ള ഒരു ഇടുങ്ങിയ വഴിയിൽ നിന്നു. 25കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലരികിലേക്ക് ഒതുങ്ങി. ബിലെയാമിന്റെ കാൽ മതിലിനിടയിൽ ഞെരുങ്ങി. അതുകൊണ്ട് അയാൾ അതിനെ വീണ്ടും അടിച്ചു.

26പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടുനീങ്ങി ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ ഒട്ടും ഇടമില്ലാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്നു. 27കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ ബിലെയാമിന്റെ കീഴിൽ കിടന്നു. അയാൾ കോപിച്ചു തന്റെ വടികൊണ്ട് അതിനെ അടിച്ചു. 28അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു. അത് ബിലെയാമിനോട്, “നീ എന്നെ ഈ മൂന്നുതവണ അടിക്കാൻ ഞാൻ നിന്നോട് എന്തു ചെയ്തു?” എന്നു ചോദിച്ചു.

29ബിലെയാം കഴുതയോട്, “നീ എന്നെ ഒരു വിഡ്ഢിയാക്കി! എന്റെ കൈയിൽ ഒരു വാളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഞാൻ നിന്നെ കൊല്ലുമായിരുന്നു” എന്നു മറുപടി പറഞ്ഞു.

30കഴുത ബിലെയാമിനോടു പറഞ്ഞു: “ഈ ദിവസംവരെ എപ്പോഴും യാത്രചെയ്തുവന്ന നിന്റെ കഴുതയല്ലേ ഞാൻ? ഇങ്ങനെ ഞാൻ ഇതിനുമുമ്പ് എപ്പോഴെങ്കിലും നിന്നോട് ചെയ്തിട്ടുണ്ടോ?”

“ഇല്ല,” അയാൾ പറഞ്ഞു.

31അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണുകൾ തുറന്നു. ഊരിയ വാളുമേന്തി യഹോവയുടെ ദൂതൻ വഴിയിൽ നിൽക്കുന്നത് കണ്ടു. അയാൾ സാഷ്ടാംഗം വണങ്ങി വീണു.

32യഹോവയുടെ ദൂതൻ അയാളോടു ചോദിച്ചു: “നീ മൂന്നുപ്രാവശ്യം നിന്റെ കഴുതയെ അടിച്ചതെന്ത്? നിന്റെ വഴി നാശകരമാകുകയാൽ
ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
നിന്നെ എതിരിടാനാണ് ഞാനിവിടെ വന്നിരിക്കുന്നത്.
33കഴുത എന്നെക്കണ്ട് മൂന്നു തവണയും തിരിഞ്ഞുമാറിപ്പോയി. അതു തിരിഞ്ഞുമാറിയില്ലായിരുന്നെങ്കിൽ നിശ്ചയമായും ഞാൻ നിന്നെ കൊല്ലുകയും അതിനെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്യുമായിരുന്നു.”

34ബിലെയാം യഹോവയുടെ ദൂതനോട്, “ഞാൻ പാപംചെയ്തിരിക്കുന്നു. എന്നെ എതിരിടാൻ അങ്ങ് വഴിയിൽ നിൽക്കുകയായിരുന്നു എന്നു ഞാൻ അറിഞ്ഞില്ല. അങ്ങേക്ക് അനിഷ്ടമെങ്കിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.

35യഹോവയുടെ ദൂതൻ ബിലെയാമിനോട്, “ആ പുരുഷന്മാരോടുകൂടെ പോകുക. എന്നാൽ ഞാൻ നിന്നോടു പറയുന്നതുമാത്രം പറയുക” എന്നു പറഞ്ഞു. അങ്ങനെ ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോയി.

Copyright information for MalMCV